ഫാത്തിമത് സുഹ്‌റ

രുചികളോടും ആഴത്തിലുള്ള കരുതലിനോടും ചേർത്താണ് എപ്പോഴും ഉമ്മയും വല്യമ്മായിയും ഓർമ്മയിൽ വരിക. സീസണൽ ആയ ഒരുപാട് വിഭവങ്ങളുടെ കാലം കൂടിയായിരുന്നു അത്. തൊടിയിൽ നിന്ന് തന്നെ സമയാസമയങ്ങളിൽ പറിച്ചെടുക്കുന്ന കായ്കനികൾ കൊണ്ടുണ്ടാക്കുന്ന അനുപമമായ വിഭവങ്ങൾ. അടുക്കളത്തോട്ടങ്ങളുടെ സരളത. അങ്ങനെയൊരു പ്രിയങ്കരമായ കുട്ടിക്കാലവിഭവമായിരുന്നു ചക്കരമത്തൻ.
പേര് ചക്കരമത്തൻ ആണെങ്കിലും “ചക്കരമത്തം” എന്നാണ് ഞങ്ങൾ അതിനെ വിശേഷിപ്പിച്ചിരുന്നത്. മത്തൻ കൊണ്ടുള്ള വളരെ രുചികരമായ ഒരു വിഭവമാണത്. മഞ്ഞയും ചുവപ്പും ചേർന്ന നിറമുള്ള, മൂത്തു പാകമായ ഒരു മത്തൻ ആണ് അതിനായി തെരെഞ്ഞെടുക്കുന്നത്.
മത്തൻ കഷണങ്ങളാക്കി പാത്രത്തിൽ വേവിച്ചു അതിൽ ശർക്കരയും തേങ്ങയും അല്പം അരിപ്പൊടിയും മെമ്പൊടിയായി കരുവാപ്പട്ടയും ഗ്രാമ്പൂവും ചേർത്ത് അപാര രുചിയിൽ തയ്യാറാക്കുന്ന ഒരു ഐറ്റം.
മൂത്തു പഴുത്ത മത്തൻ കൊണ്ടുണ്ടാക്കുന്നത് കൊണ്ട് ഇതിന് ചക്കര മത്തൻ എന്നതിനൊപ്പം ‘പഴുത്ത മത്തൻ ‘ എന്നും പേരുണ്ട്. ഞങ്ങൾ കുട്ടികൾ അതിനെ ‘പൗത്തത്തൻ ‘ എന്നും വിളിച്ചു.
കുട്ടികളായിരിക്കുമ്പോൾ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു വിഭവം തന്നെയായിരുന്നു ഇത്.
ഒരു വലിയ പാത്രത്തിൽ ഉണ്ടാക്കി ഉമ്മ തന്നെ എല്ലാവർക്കും വിളമ്പിതരുമായിരുന്നു. അതുണ്ടാക്കുന്ന ദിവസം പിന്നെ വേറൊന്നും ആവശ്യമില്ല. അത് തന്നെ അന്ന് മുഴുവൻ കഴിച്ചു കൊണ്ടിരിക്കും.
ഇതേ സാധനം തന്നെ വല്യമ്മായിയുടെ വീട്ടിൽ നിന്നും കഴിച്ചിട്ടുണ്ട്. എന്നാൽ അന്ന് അളവ് കുറഞ്ഞത് കൊണ്ടോ, പലപ്രാവശ്യം കഴിക്കാൻ കിട്ടാത്തത് കൊണ്ടോ എന്നറിയില്ല, ആ ചക്കര മത്തന് കൂടുതൽ സ്വാദ് ഉണ്ടായിരുന്നു.
അത്രമാത്രം പ്രിയമായിരുന്നിട്ടും ഞാൻ ഇത് വരെ ഈ വിഭവം ഉണ്ടാക്കാൻ തുനിഞ്ഞിട്ടില്ല.
ഇത്രയും ഇഷ്ട്ടപ്പെട്ട ഒരു വിഭവം ഇപ്പോഴും കഴിക്കാൻ ഒരു പാട് പൂതി ഇല്ലാഞ്ഞിട്ടുമല്ല. ഞാൻ ഉണ്ടാക്കിയാൽ, ഇതുവരെ എന്റെ നാവിൽ അതിനുണ്ടായിരുന്ന ആ രുചി മാറിപ്പോകുമോ എന്നും ഇനിയങ്ങോട്ട് ചക്കരമത്തൻ എന്റെ പ്രിയപെട്ടതല്ലായിപ്പോകുമോ എന്നും ഞാൻ ഭയക്കുന്നു.
ഉമ്മയും അമ്മായിയും ഇന്ന് ജീവിച്ചിരിപ്പില്ല.അവർ എനിക്ക് ഏറെ പ്രിയപ്പെട്ടവരാണല്ലോ. അത് കൊണ്ട് തന്നെ എനിക്കേറെ പ്രിയപ്പെട്ട ചക്കര മത്തനും അവരുടേത് സ്വന്തമായി, അവരുടെ സ്നേഹത്തോടൊപ്പം, അവരുടേതായ അവിസ്മരണീയ രുചിയിൽ അവരുടേത് തന്നെയായിരിക്കട്ടെ: അവർ എന്റേതും.

സ്ക്കൂൾ അധ്യാപികയായി വിരമിച്ച ഫാത്തിമത് സുഹ്‌റ
മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിനിയാണ്.
Illustration by Anupam Aysha.

Leave a Reply