ഷദ റഹ്മാൻ

വെറുതെ ചിന്തകൾ നെയ്തുകൂട്ടൽ മനസ്സിന്റെ ഒരു വീക്ക്നെസ്സാണ്..
എന്നിട്ട് കുറേ കരയാനും വല്ലപ്പോഴും ചിരിക്കാനുമൊക്കെയായി അവ എവിടെയെങ്കിലുമൊക്കെ അടിഞ്ഞിരിക്കും.
പി.ജി. പഠനത്തിന്റെ തുടക്കകാലത്ത് മനസ്സിനെ കാടുകയറാൻ വിട്ട് വി.സി. ലോണിലിങ്ങനെ ഇരുന്നതായിരുന്നു.
ആദ്യമായിട്ട് കേരളം വിട്ട് പുറത്ത് പോയ എന്നെ, ഉച്ചയ്ക്ക് കഴിച്ച പനീർ കറിയും പേര് പറയാനറിയാത്ത ഉപ്പേരിയും പച്ചരിച്ചോറും കണ്ണിൽ ഈറനണിയിച്ചു. പിന്നെ മലവെള്ളപ്പാച്ചിൽ പോലെ ചിന്തകൾ മാറിമാറി വന്നു.
ചെറുപ്പത്തിലേ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കണമെന്ന് ആഗ്രഹിച്ച ഞാൻ, അന്നാദ്യമായി വീട്ടിലെത്തിയെങ്കിൽ എന്നാഗ്രഹിച്ചു.
അപ്പോഴാണ് ‘ ബിരിയാണി കഴിക്കാൻ വരുന്നോ? എല്ലാവരും ഉണ്ടെ’ന്ന് പറഞ്ഞ് സുഹൃത്തിന്റെ വിളി.
അന്നേരം അനുചിതമായി തോന്നിയ ആ ചോദ്യത്തിന്, യാന്ത്രികമായി യെസ് പറഞ്ഞ ഞാൻ, ഒരു ഫുൾ ബിരിയാണി ഒറ്റയ്ക്ക് കഴിച്ചുതീർത്തു!
കാർമേഘം പോലെ മൂടിക്കെട്ടിയ മനസ്സ് പിന്നെ വാചാലമായി. ആകാശത്തിനു കീഴെയുള്ള എല്ലാറ്റിനെപ്പറ്റിയും ഉള്ളതും, ഉണ്ടാക്കിയതും പറഞ്ഞ് നിർവൃതിയടഞ്ഞു.
പിന്നീടൊരിക്കൽ പോലും അങ്ങനെയൊരു ഗൃഹാതുരത്വം അവിടെനിന്ന് തോന്നിയിട്ടേയില്ല.
അന്നുമുതൽ സമയവും സന്ദർഭവും ഗൗനിക്കാതെ കയറിവരാൻ ബിരിയാണിക്ക് അനുവാദമുണ്ട്, ഹൈദരാബാദ് ബിരിയാണിക്ക്.
എഴുതിത്തീരാത്ത തീസിസിന്റെയും , പഠിച്ച് മറന്നുപോയ പാഠങ്ങളുടെയും, കിട്ടാതെപോയ അംഗീകാരങ്ങളുടെയും, സങ്കടങ്ങൾ പറയുന്നിടത്തെല്ലാം ഹൈദരാബാദ് ബിരിയാണിയുണ്ട്. പരിഹാരമായിട്ടും ആശ്വാസമായിട്ടുമെല്ലാം.
കുട്ടികൾക്കിടയിലെ ഈ പതിവുകൾ ഹൈദരാബാദ് ക്യാമ്പസുകളിലെ ഒരു സംസ്കാരമായി പിന്നീട് മാറിയതുപോലെ എനിക്ക് തോന്നാറുണ്ട്.
ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താണെന്ന് ചോദിക്കുന്ന നേരത്ത് ചിന്താമഗ്നയാവുന്ന ഞാൻ പക്ഷേ , കഴിക്കാൻ ‘ബിരിയാണി’ ആണെന്ന് പറയാൻ ഒട്ടും സമയം എടുക്കാറില്ല.
ഹൈദരാബാദിൽ PG-ക്ക് ചേർന്ന് കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും, അത് ‘ഹൈദരാബാദ് ബിരിയാണി’ യെന്നായി മാറി.
“ ഹൈദരാബാദ് ഈസ് ആൻ ഇമോഷൻ ” എന്ന് അവിടെ കുറച്ചധികം നാൾ നിന്ന് തിരിചുവന്ന പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് അത് അവിടുത്തെ ബിരിയാണിയോടാണ് തോന്നാറുള്ളത്.
നേരം വെളുക്കുന്നതുവരെ ഹോസ്റ്റലിലെ ബെഞ്ചിലോ ലോണിലോ ഒക്കെ വർത്തമാനം പറഞ്ഞിരിക്കുന്ന ക്വാളിറ്റി ടൈം, പലപ്പോഴും നേരം തെറ്റിയുള്ള ബിരിയാണിത്തീറ്റിയിലായിരിക്കും അവസാനിച്ചിരുന്നത്.
കൂടെ കൂടെ , കൂടെയിരിക്കാൻ തോന്നുന്ന അവിടുത്തെ ആളുകളെപ്പോലെ തന്നെയാണ് അവിടുത്തെ ബിരിയാണിയും.
വിശപ്പില്ലെങ്കിലും വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.
നല്ല പാകത്തിൽ വെള്ളം ചേർത്ത റൈത്തയും കൂടെയുണ്ടെങ്കിൽ പിന്നെ ഒരു ആക്രാന്തമാണ്.
അതൊക്കെ കഴിച്ചുകഴിഞ്ഞാൽ മനസ്സ് വല്ലാതെ ഉദാരമാവും എന്ന് തോന്നുന്നു. അന്നൊരിക്കൽ ബിരിയാണി കഴിച്ചുകഴിഞ്ഞ ഉടനെ തന്ന , നാരങ്ങയിട്ട ഇളം ചൂടുവെള്ളം ‘കുടിക്കാനുള്ളതാ’ണെന്ന് പറഞ്ഞ് എന്നെ പറ്റിച്ചിട്ടും, അവരോട് ദേഷ്യമൊന്നും തോന്നിയില്ല.
നാട്ടിലെ ബിരിയാണിയുടെ കൂടെ പുതിന ചമ്മന്തിയും തൈരും അച്ചാറും നിർബന്ധമുള്ള എനിക്ക്, ഹൈദരാബാദിൽ റൈത്ത മാത്രം മതി. അതാണ് കോമ്പിനേഷൻ.
പിന്നെ സുലൈമാനി കൂടെയുണ്ടെങ്കിൽ പൊളിക്കും.
നല്ല വാക്കുകളെയും നല്ല ആളുകളെയും പോലെ തന്നെ, നല്ല രുചികളും മനസ്സിൽ ഒരുപാടുകാലം നിലനിൽക്കും.
ഹൈദരാബാദ് ബിരിയാണി കഴിച്ചുകഴിഞ്ഞും ആ രുചി നാവിൽ തങ്ങിനിൽക്കും. പിന്നെ അത് ഖൽബിൽ താമസിക്കും എന്ന് പറയേണ്ടതില്ലല്ലോ.
ബവാർച്ചി ബിരിയാണി, നവാബ്സ് ബിരിയാണി, മുകറം ബിരിയാണി, ഷദാബ് ബിരിയാണി, ഷാഗൗസ്, പാരഡൈസ്… അങ്ങനെ ബിരിയാണിക്ക് അവിടെ കുറേ പേരുകളാണ്.
പക്ഷേ രുചിയിൽ ഓരോന്നും കൊണ്ടുതരുന്ന ആ യുണീക്ക് ഫീൽ — അതാണ് ഹൈദരാബാദ് ബിരിയാണിയുടെ പ്രത്യേകത.
സ്വിഗ്ഗിയും സൊമാറ്റോയും വെച്ച് പാതിരാക്കും ഓർഡർ ചെയ്യാൻ തോന്നിപ്പിക്കുന്ന ഒരു ‘സ്പെഷ്യൽ അട്രാക്ഷൻ’ ഉണ്ട് അതിന്.
എന്നെയാണോ ബിരിയാണിയാണോ കൂടുതൽ ഇഷ്ടമെന്ന് എന്റെ ‘നല്ല പാതി’ ചോദിക്കുമ്പോൾ, “നിങ്ങളാണ്” എന്ന് കള്ളം പറയേണ്ടിവരുന്ന ഒരു സ്പെഷ്യൽ അട്രാക്ഷൻ!
ഖൽബിൽ മൊഞ്ചുള്ള കുറേ ആൾക്കാർ കൂടുന്നിടത്ത്, ബിരിയാണി ഒരു ബറക്കത്താണ്.
ഹറക്കത്ത് മാറാത്ത ഹൈദരാബാദ് ബിരിയാണി!

ഷദ റഹ്മാൻ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അധ്യാപികയാണ്

Leave a Reply