രിഞ്ചു ആർ വി

പലതിനോടുമുള്ള നമ്മുടെ ഇഷ്ടം അതുമായി ബന്ധപ്പെട്ട ഓർമകളോ അനുഭവങ്ങളോ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്ത്. പണ്ട് ഇഷ്ടമില്ലാത്തത് പലതും പിന്നീട് ഇഷ്ടപ്പെട്ടതും തിരിച്ചുമുള്ള അനുഭവങ്ങളുണ്ട്. ട്രെയിൻ യാത്ര അങ്ങനെയൊന്നാണ്.
തിരിഞ്ഞു നോക്കുമ്പോൾ ഞാനിഷ്ടപ്പെടാനുള്ള കാരണമായി തോന്നുന്നത് കുട്ടിക്കാലത്തെ അച്ഛന്റെ നാട്ടിലേക്കുള്ള പോക്കാണ്. പക്ഷെ ഞാൻ അറിയുന്ന പലർക്കും ട്രെയിൻ യാത്ര അത്ര പ്രിയമുള്ള ഒന്നല്ല.
ഈ യാത്രകൾ ആവേശമാകുന്നതിന് ഒരു പ്രധാനകാരണമുണ്ട്. അമ്മയുടെ നാടായ ഇരിഞ്ഞാലക്കുടയിൽ നിന്നും ഞങ്ങൾക്ക് വല്ലപ്പോഴും മാത്രമാണ് നോൺ വെജ് കിട്ടുന്നത്. എന്നാൽ അച്ഛന്റെ നാടായ വർക്കലയിൽ കിട്ടുന്ന പ്രത്യേക പരിഗണനയും അവിടെ സുലഭമായ നോൺ വെജ് ഫുഡും ഞങ്ങളെ ഒരുപാട് ആകർഷിച്ചിരുന്നു.
ഇരിഞ്ഞാലക്കുടയിൽ നിന്നും വർക്കലയിലേക്കുള്ള, അവധിക്കാലത്തിന്റെ ആവേശവും നോൺ വെജ് ഫുഡിനോടുള്ള കൊതിയും നിറഞ്ഞ നീണ്ട ആറുമണിക്കൂർ ട്രെയിൻ യാത്ര.
തിരിഞ്ഞു നോക്കുമ്പോൾ രണ്ട് രുചി ഭേദങ്ങളിലേക്കുള്ള ഒരു യാത്രയായി അനുഭവപ്പെടുന്നു.
ട്രെയിൻ യാത്രയുടെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് ആളുകൾ പരസ്പരം ഇടപഴകുന്നത് കൂടുതലാണ് എന്നതാണ്. എന്നെ സംബന്ധിച്ച് ആളുകളെ നിരീക്ഷിക്കാനും, അന്ന് വായിച്ചിരുന്ന ഷെർലക് ഹോംസ് കഥകളിൽ നിന്നുള്ള ആവേശത്തിൽ ആളുകൾ എത്തരക്കാരാണെന്ന് വിലയിരുത്താനുള്ള അവസരങ്ങളായിരുന്നു അവ.
അങ്ങനെയിരിക്കെ ഒരിക്കൽ വർക്കലയിൽ നിന്നും തിരിച്ചുള്ള യാത്രയിലായിരുന്നു ഞാനും അച്ഛനും. പുലർച്ചെ തുടങ്ങുന്ന യാത്ര ഉച്ചയോടെ ഇരിഞ്ഞാലക്കുടയിൽ എത്തും. ഞാനും അച്ഛനും മാത്രമേയുള്ളൂ എന്നാണ് ഓർമ്മ .
ട്രെയിനിൽ തിരക്ക് കുറവായിരുന്നു. പണ്ടേ ട്രെയിനിൽ കയറിയാൽ എനിക്ക് വിശപ്പ് കൂടുതലാണെന്നാണ് അമ്മയുടെ സ്ഥിരം പല്ലവി.
പിന്നല്ലാതെ, നല്ല പഴംപൊരിയുടെയും വടയുടെയും മണം വരുമ്പോൾ ആർക്കായാലും ഇല്ലാത്ത വിശപ്പ് തോന്നും. എൺപതുകളുടെ അവസാനമോ തൊണ്ണൂറുകളുടെ ആദ്യമോ ആയിരിക്കണം കാലം. അന്നൊന്നും വീട്ടിൽ എണ്ണപ്പലഹാരങ്ങൾ വാങ്ങുന്ന പതിവില്ല. ട്രെയിനിൽനിന്ന് തീരെയില്ല.
ഉച്ചയോട് അടുക്കാറായപ്പോൾ ചെറിയ വിശപ്പോടെ ഇരിക്കുന്ന സമയം.
ഞങ്ങളുടെ നേരെ ഇരിക്കുന്ന സീറ്റിൽ ഒരമ്മയും രണ്ട് കുട്ടികളും ദൂരെ ഏതോ സ്ഥലത്തേക്കുള്ള യാത്രയിലാണ്.
കുട്ടികൾക്ക് വിശന്നിട്ടാവണം ആ അമ്മ, സഞ്ചിയിൽ നിന്നൊരു സ്റ്റീൽ ഡബ്ബ പുറത്തെടുത്തു. ഞാൻ എന്റെ പതിവ് ഷെർലക് ഹോംസ് നിരീക്ഷണം ആരംഭിച്ചു. സ്റ്റീൽ പാത്രം തുറന്ന ഉടനെ വല്ലാതെ കൊതിപിടിപ്പിക്കുന്ന തരത്തിലൊരു മണം ആ കംപാർട്മെന്റ് മുഴുവൻ നിറയുന്നതായി എനിക്ക് തോന്നി.
മറ്റെല്ലാം മറന്ന് എന്റെ ശ്രദ്ധ അതിലേക്കു മാത്രമായി മാറി.
ആ അമ്മ മക്കൾക്ക് കഴിക്കാനായി പ്ലേറ്റുകളിലേക്ക് വിളമ്പി. നല്ല കടുംചുവപ്പു നിറത്തിൽ, അധികം വെള്ളമില്ലാതെ അരച്ച തേങ്ങാ ചമ്മന്തിയും വേവിച്ച ചോറും ചേർത്തിളക്കിയ ഒന്ന്. ചമ്മന്തിച്ചോറ്!
ഞാൻ അതിനു മുൻപ് ചമ്മന്തിച്ചോറ് കഴിച്ച ഓർമ്മയില്ല. ഞങ്ങളുടെ വീട്ടിൽ അത് പതിവില്ലായിരുന്നു എന്നാണെന്റെ വിശ്വാസം.
അക്കാലത്ത് ട്രെയിനിലും മറ്റും യാത്ര ചെയ്യുമ്പോൾ കഴിക്കാനും കൊണ്ടുവരാനും മറ്റും എളുപ്പത്തിലുള്ള ഒന്നായിരുന്നു ചമ്മന്തിച്ചോറ്.
ഞങ്ങളുടെ വീട്ടിൽ ചമ്മന്തിയും ചോറും വെവ്വേറെ ഉണ്ടാക്കുമായിരുന്നു. പക്ഷെ അതൊന്നും ഇതിനോളം വരില്ലെന്ന് ഞാൻ വിശ്വസിച്ചു. ആ ഒരു നിമിഷത്തിൽ ലോകത്തിലേക്ക് വെച്ചേറ്റവും സ്വാദുള്ള ഭക്ഷണമാണ് അത് എന്ന് ഞാൻ കരുതി.
ഒട്ടും ആഡംബരമില്ലാതെ, യാതൊരു വാഗ്ദാനങ്ങളുമില്ലാത്ത ഒന്നാണ് ചമ്മന്തിച്ചോറ്.
നിങ്ങളെങ്ങോട്ട് പോകുന്നെന്നോ എന്തിന് പോകുന്നെന്നോ അത് ഉറക്കെപറയില്ല. ഒന്ന് മാത്രമാണ് ഉറപ്പ്, രുചി. ചോറിന്റെ രുചിയും തേങ്ങാച്ചമ്മന്തിയുടെ രുചിയും.
അന്ന് അത് കഴിക്കാനാവാത്തതിലും പരം നിരാശ ഈ ജീവിതത്തിലില്ല എന്നെനിക്ക് തോന്നി. കാലമെത്ര കഴിഞ്ഞിട്ടും ആ ഓർമ്മക്ക് ഒരു കുറവുമില്ല. നിരാശയ്ക്കും. അന്ന് മുതലിന്നു വരെ ചമ്മന്തികളോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ.
ഇതെഴുതാനിരുന്നപ്പോൾ ഞാൻ പിന്നീടെപ്പോഴെങ്കിലും ചമ്മന്തിച്ചോറുണ്ടാക്കി കഴിച്ചിട്ടുണ്ടോ എന്നോർത്ത് നോക്കി. ഇല്ലാ എന്നാണുത്തരം. ഒരു പക്ഷെ ആ സ്വാദിനോളം വരില്ല എന്ന തോന്നലാവാം.

ഇരിഞ്ഞാലക്കുട സ്വദേശിയായ രിഞ്ചു സിനിമ – ഡോക്യുമെന്ററി മേഖലകളിൽ എഡിറ്ററാണ്.
Illustration by Anupam Aysha.

Leave a Reply