മുഹമ്മദ് ജൗഹർ

എനിക്ക് ചായ കുടിച്ചാൽ പ്രത്യേകിച്ച് ഉണർവ് ഒന്നും ഉണ്ടാകാറില്ല. ചിലർ പറയാറില്ലേ, രാവിലെ ഒരു ചായ കുടിച്ചാൽ തല തെളിയും, ശരീരത്തിന് ഉന്മേഷം വരും എന്നൊക്കെ. എനിക്ക് അങ്ങനെയൊന്നുമില്ല. ചായ കുടിച്ചാലും ഞാൻ അതേ ഞാനാണ്.
അങ്ങിനെയൊക്കെയാണെങ്കിലും, ഇത്രയും കാലം ഞാൻ കുടിച്ച ചായകളിലൊക്കെ ഒരു ‘ഇത്’ ഉണ്ടായിരുന്നു. അതെന്താണെന്ന് ചോദിച്ചാൽ കൃത്യമായി പറയാൻ പറ്റില്ല. ചായ കുടിക്കണം എന്ന് തോന്നും. അത്ര തന്നെ!
ഈ ചായയുടെ അസുഖം തുടങ്ങിയിട്ട് കുറെ കാലമായി. എപ്പോൾ തുടങ്ങിയെന്ന് ചോദിച്ചാൽ കൃത്യമായി പറയാനും പറ്റില്ല. ചെറുപ്പത്തിലേ തുടങ്ങിയതാണെന്ന് തോന്നുന്നു.
അന്ന് ഞങ്ങളുടെ ചെറുവട്ടൂർ ഇന്നത്തെ പോലെ ആയിരുന്നില്ല. വലിയ തിരക്കൊന്നുമില്ല. വഴിയിലൂടെ പോകുന്നവരേക്കാൾ വഴിയരികിൽ നിന്ന് സംസാരിക്കുന്നവരായിരുന്നു കൂടുതൽ. ആരെയെങ്കിലും കണ്ടാൽ “എവിടേക്കാ?” എന്ന് ചോദിക്കും. അയാൾ എവിടേക്കാണ് പോകുന്നതെന്ന് അറിയാൻ വേണ്ടിയല്ല. അയാളെക്കുറിച്ച് കുറച്ചുകൂടി അറിയാനുള്ള തുടക്കമാണ്.
ചെറുവട്ടൂരിലെ കടകൾക്കും ആളുകൾക്കും തമ്മിൽ വലിയ അകലം ഉണ്ടായിരുന്നില്ല. ചായക്കടയിൽ ഇരിക്കുന്നവന് വഴിയിലൂടെ പോകുന്നവന്റെ വിശേഷം അറിയാം. വഴിയിലൂടെ പോകുന്നവന് ചായക്കടയിൽ ആരൊക്കെയുണ്ടെന്നും അറിയാം.
സ്കൂൾ അതിന്റെ നടുവിൽ. സ്കൂളിന് മുന്നിൽ അറുമുഖേട്ടന്റെ ചായക്കട. വലതുവശത്ത് മുഹമ്മദ്ക്കന്റെ ചായക്കട. അന്ന് ചെറുവട്ടൂരിന്റെ ചായയുടെ കഥ ഏതാണ്ട് ഇത്രയൊക്കെയായിരുന്നു.
എന്റെ ആദ്യത്തെ ചായക്കടയിലെ ചായ അറുമുഖേട്ടന്റേതായിരുന്നു. അറുമുഖേട്ടനെ കുപ്പായമൊക്കെ ഇട്ടു കണ്ടത് കുറവാണ്. ശരീരത്തിൽ എപ്പോഴും ഒരു ബ്രൗൺ നിറത്തിലുള്ള ഖാദിപോലത്തെ തുണി. അതും ഉടുത്ത് അടുപ്പിനരികിൽ നിൽക്കും. ചായ ഉണ്ടാക്കും. ചായ കൊടുക്കും. പിന്നെ വിശേഷം ചോദിക്കും.
“എന്താ മോനെ?”
“വീട്ടിൽ എല്ലാവർക്കും സുഖമാണോ?”
അറുമുഖേട്ടന് ചായ ഉണ്ടാക്കുന്നതിലും നാട്ടുകാരുടെ വിശേഷം അറിയുന്നതിലായിരുന്നു താൽപ്പര്യം എന്ന് തോന്നും. ചായയ്ക്കൊപ്പം സ്നേഹവും കിട്ടും.
സ്കൂൾ സ്റ്റാഫിന്റെ മൊത്തം ചായയും കടിയും അറുമുഖേട്ടന് സ്വന്തം.
സ്റ്റാഫ് റൂമിൽ നിന്ന് “അറുമുഖേട്ടാ… ചായ!” എന്ന് വിളിച്ചാൽ കുറച്ചുകഴിഞ്ഞ് ചായയും കടിയും എത്തും. അത് അദ്ദേഹത്തിന് ഓർഡറായിരുന്നില്ല. തന്റെ ആളുകൾക്കുള്ള ചായയായിരുന്നു.
ഞാൻ അന്ന് ചെറിയ സ്കൂൾ കുട്ടി. ചായയുടെ വകഭേദങ്ങളൊന്നും അറിയില്ല. കടുപ്പം എന്ത്, ഓപ്പൺ എന്ത്, മീഡിയം എന്ത് എന്നൊന്നും അറിയില്ല. ചായ എന്നാൽ ചായ!
ഒരു ദിവസം ഉമ്മയാണ് എനിക്ക് അറുമുഖേട്ടന്റെ കടയിൽ നിന്ന് ചായ വാങ്ങിത്തന്നത്. ഉമ്മ അന്ന് സ്കൂളിലെ ടീച്ചർ കൂടിയാണ്.
ഒരു ചെറിയ ഗ്ലാസ്. ചൂടുണ്ടായിരുന്നു. പതുക്കെ കുടിച്ചു. അത്രയേ ഓർമ്മയുള്ളൂ.
ആ ചായയുടെ രുചി ഇപ്പോൾ എനിക്ക് ഓർമ്മയില്ല. പക്ഷേ ആ ചായയുടെ കൂടെ ഉണ്ടായിരുന്ന ഒരു ‘ഇത്’ ഇപ്പോഴും ഓർമ്മയുണ്ട്. എന്താണെന്ന് അറിയില്ല.
അറുമുഖേട്ടന്റെ സ്നേഹമായിരുന്നോ, സ്കൂൾ കാലമായിരുന്നോ, ഉമ്മ വാങ്ങിത്തന്നതായിരുന്നോ. എന്തായാലും ‘അതു’ണ്ടായിരുന്നു. ആ ഒരു ‘ഇത്’ എന്റെ ചായയുടെ കൂട്ടത്തിൽ കയറി.
പിന്നെ മുഹമ്മദ്ക്കന്റെ ചായ. മുഹമ്മദ്ക്ക വേറെ തരക്കാരനായിരുന്നു. പണ്ട് ഗ്വാളിയോർ റയോൺസ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. റിട്ടയർ ചെയ്ത ശേഷം വീട്ടിൽ വെറുതെ ഇരിക്കാമല്ലോ. മുഹമ്മദ്ക്ക ഇരുന്നില്ല. സ്കൂളിന്റെ വലതുവശത്ത് ഒരു ചെറിയ ചായക്കട തുടങ്ങി.
ചായ ഉണ്ടാക്കുന്നത് ഒരു ജോലി മാത്രമാണെന്ന് മുഹമ്മദ്ക്കയ്ക്ക് തോന്നിയിരുന്നില്ല. ചായയുടെ ആത്മാവ് തന്റെ കയ്യിലുണ്ടെന്ന് തെളിയിക്കാനായിരുന്നു പുള്ളിയുടെ ശ്രമം.
അത് തെളിയിക്കുകയും ചെയ്തു!
പാത്രം അടുപ്പിൽ, പാൽ, ചായ, പഞ്ചസാര. എല്ലാം ഒരു കണക്കിൽ. ആ കണക്ക് ഞങ്ങൾക്കറിയില്ല. മുഹമ്മദ്ക്കയ്ക്ക് അറിയാം.
“എങ്ങനത്തെ വേണം?”
അവിടെ നിന്നാണ് കടുപ്പം, മീഡിയം, ഓപ്പൺ എന്നിവ എന്റെ ജീവിതത്തിൽ ശരിക്കും കയറിവന്നത്.
“കടുപ്പം.”
“മീഡിയം.”
“ഓപ്പൺ.”
ചിലർ പറയും, “എന്തായാലും മതി.”
അവരെ നോക്കി മുഹമ്മദ്ക്ക ഒന്ന് ചിരിക്കും.
ചായ എങ്ങനെയായാലും മതി എന്ന് പറയുന്ന മനുഷ്യന് ജീവിതത്തിലും അതേ പ്രശ്നമായിരിക്കുമെന്ന് പുള്ളിക്ക് തോന്നിയിട്ടുണ്ടാകണം.
മുഹമ്മദ്ക്കന്റെ ചായയിലും ഒരു പ്രത്യേക ‘ഇത്’ ഉണ്ടായിരുന്നു. അറുമുഖേട്ടന്റെ ചായയിലെ ‘ഇത്’ സ്നേഹമായിരുന്നെങ്കിൽ, മുഹമ്മദ്ക്കന്റെ ചായയിലെ ‘ഇത്’ ആത്മാവായിരുന്നു!
ഒരു ചായ ഉണ്ടാക്കി മുന്നിൽ വെച്ചിട്ട് “ഇതാ, കുടിച്ചുനോക്ക്…” എന്ന് പറയാതെ തന്നെ പറഞ്ഞിരുന്ന ഒരു ആത്മവിശ്വാസം.
അവിടെ ഇരുന്നാൽ ചായ മാത്രം കുടിച്ച് പോകാൻ പറ്റില്ല. ആരെങ്കിലും വരും, ആരെങ്കിലും പോകും. ഒരു വാർത്ത വരും, ഒരു അഭിപ്രായം പോകും. ചില കഥകൾ ചായയോടൊപ്പം തിളക്കും.
അങ്ങനെയാണ് ചായ വളർന്നത്. ഞാനും വളർന്നു.
കോളേജിലെത്തിയപ്പോഴേക്കും ചായ എന്റെ ജീവിതത്തിലെ ഒരു സ്ഥിരം ആളായി. ക്ലാസ് കഴിഞ്ഞാൽ ചായ. ക്ലാസ് ഇല്ലെങ്കിലും ചായ. കൂട്ടുകാരുണ്ടെങ്കിൽ ചായ. കൂട്ടുകാരില്ലെങ്കിൽ അതിലും നല്ലത്, ഒറ്റയ്ക്ക് ചായ.
പിന്നെ ചായയുടെ ലോകം വലുതായി. കടുപ്പം, മീഡിയം, ഓപ്പൺ എന്ന ചെറിയ ലോകത്തിൽ നിന്ന് പുറത്തേക്ക് നോക്കിയപ്പോഴാണ് ചായയ്ക്ക് ലോകം മുഴുവൻ ബന്ധുക്കളുണ്ടെന്ന് മനസ്സിലായത്.
നമ്മുടെ നാട്ടിലെ സുലൈമാനി, ഇഞ്ചി ചായ, ഏലക്ക ചായ, മസാല ചായ, ഇറാനി ചായ, കാശ്മീരി കഹ്വ , പിങ്ക് ചായ.
ചില ചായകൾക്ക് പേരിനേക്കാൾ മണം കൂടുതലാണ്. ചിലതിന് മണം പോയാലും പേര് ബാക്കിയുണ്ട്.
തമിഴ്നാട്ടിലെ ചെറിയ ഗ്ലാസിലെ ചായയ്ക്ക് വലിയ ആത്മവിശ്വാസം. കർണാടകയിലെ ചായയ്ക്ക് വേറൊരു സ്വഭാവം. ആന്ധ്രയിലെ ചായയ്ക്ക് മറ്റൊരു ഭാവം.
വടക്കേ ഇന്ത്യയിലേക്ക് കടന്നാൽ മസാല ചായ. ഇഞ്ചി, ഏലക്ക, പാൽ, പഞ്ചസാര… എല്ലാം കൂടി വന്നിട്ട് ചായ എന്ന സാധനത്തിന് കുടുംബയോഗം നടത്തും.
കാശ്മീരിൽ പിങ്ക് ചായ കണ്ടപ്പോൾ കുറച്ചുനേരം ഞാൻ തന്നെ നിന്നുപോയി. ചായ പിങ്ക് ആകുമോ? ആകും!
ചായയ്ക്ക് നിറം പോലും മാറാൻ പറ്റുമെങ്കിൽ മനുഷ്യർക്ക് മാറുന്നതിൽ എന്താണ് അത്ഭുതം.
കഹ്വ കുടിച്ചപ്പോൾ വേറൊരു മണം. ഏലക്കയും കുങ്കുമപ്പൂവും. ചായ കുടിക്കുന്നതാണോ, ഒരു പഴയ അലമാര തുറക്കുന്നതാണോ എന്ന് തോന്നും.
ഗൾഫിലെത്തിയപ്പോൾ അറബി ചായ. ഏലക്കയുടെ മണം. കറുവപ്പട്ട. ചിലപ്പോൾ കുങ്കുമപ്പൂ.
കരക് ചായ വന്നാൽ മധുരം കുറച്ചുകൂടുതലായിരിക്കും. ഒരു കപ്പ് കുടിച്ചിട്ട് മറ്റൊന്ന് ചോദിക്കുമ്പോഴാണ് അതിന്റെ മാധുര്യം മനസ്സിലാകുന്നത്.
മൊറോക്കോയിൽ പുതിന ചായ കുടിച്ചു. ചായയെ ഉയരത്തിൽ നിന്ന് ഗ്ലാസിലേക്ക് ഒഴിക്കുന്നു. നമ്മുടെ നാട്ടിൽ അങ്ങനെ ചെയ്താൽ ആദ്യം ചായ കുടിക്കുന്നവനല്ല, ചായ ഒഴിക്കുന്നവനാണ് ആശുപത്രിയിൽ പോകുക. അവിടെ അതൊരു കല!
തുർക്കിയിലെ ചെറിയ ഗ്ലാസിൽ കറുത്ത ചായ. ചെറിയ ഗ്ലാസ്. വലിയ ഗൗരവം. പാലില്ല. ചായയും പാലും തമ്മിൽ വിവാഹമോചനം കഴിഞ്ഞതുപോലെ.
റഷ്യക്കാരുടെ സമോവാർ ചായയും കുടിച്ചു. ശക്തമായ ചായ ഉണ്ടാക്കി വെള്ളം ചേർത്ത് ഇഷ്ടത്തിന് കുറയ്ക്കാം. ചായയുടെ കാര്യത്തിലും അവിടെ സ്വാതന്ത്ര്യം.
യൂറോപ്പുകാർക്ക് ചായ ഒറ്റയ്ക്ക് വരില്ല. കപ്പും സോസറും സ്പൂണും ഒക്കെ കൂടെ വരും. നമ്മുടെ നാട്ടിൽ ചായയ്ക്കൊപ്പം പരിപ്പുവട വരും. അവിടെ ചായയ്ക്കൊപ്പം ഒരു ചെറിയ ചടങ്ങ് തന്നെ വരും!
ജപ്പാൻകാരുടെ മാച്ച കുടിച്ചപ്പോൾ ഞാൻ ഒന്ന് സംശയിച്ചു. നമ്മൾ ഇല വെള്ളത്തിൽ ഇട്ട് കുടിക്കും. അവർ ഇല തന്നെ പൊടിച്ച് വെള്ളത്തിൽ കലക്കി കുടിക്കും. ചായ ഇലക്കും ഇത്രയും ബഹുമാനം കിട്ടുന്നുണ്ടെന്ന് അന്നാണ് മനസ്സിലായത്.
ചൈനീസ് ചായകൾ അവരെപ്പോലെ തന്നെ വേറൊരു ലോകമാണ്. ഗ്രീൻ ടീ, ഊലോങ്, പു-എർ, ജാസ്മിൻ… ഒരേ ചെടിയുടെ ഇലകൾക്ക് ഇത്രയും സ്വഭാവം എവിടെ നിന്നാണെന്ന് എനിക്കറിയില്ല.
മലേഷ്യക്കാർക്ക് താറിക്. രണ്ട് പാത്രങ്ങൾക്കിടയിൽ ഉയരത്തിൽ നിന്ന് ചായ വലിച്ചൊഴിക്കും. ചായ ഉണ്ടാക്കുന്നതോ, കയറുപിടിച്ച് കളിക്കുന്നതോ എന്ന് ആദ്യം തോന്നും.
തായ് ഐസ്ഡ് ടീ കുടിച്ചപ്പോൾ ചായ തണുത്തും കുടിക്കാമെന്ന് മനസ്സിലായി. നമ്മുടെ നാട്ടിൽ ചായ തണുത്തുകിടന്നാൽ അതിനെ വീണ്ടും ചൂടാക്കാൻ പറയും. അവിടെ തണുപ്പിച്ചുതന്നെ കുടിക്കും.
ഹിമാലയത്തിന്റെ ഭാഗത്ത് ബട്ടർ ടീ കുടിച്ചു. ചായയിൽ ഉപ്പും വെണ്ണയും. നമ്മുടെ നാട്ടിലെ ചായ ഇതറിഞ്ഞാൽ ഒന്ന് മാറിനിൽക്കും.
ദക്ഷിണ അമേരിക്കക്കാരുടെ യെർബ മാതെ കണ്ടു. അത് നമ്മുടെ ചായച്ചെടിയുടെ ചായയല്ല. പക്ഷേ ആളുകൾ ഒരുമിച്ച് ഇരുന്ന് പങ്കിട്ട് കുടിക്കുന്ന രീതി കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. പേരെന്തായാലും മനുഷ്യർക്ക് ഒരുമിച്ചിരിക്കാൻ ഒരു കാരണമുണ്ടെങ്കിൽ മതി.
അങ്ങനെ ചായ എന്നെക്കാൾ കൂടുതൽ യാത്ര ചെയ്തു.
ഞാൻ പോയിടത്തൊക്കെ ഒരു ചായ എങ്ങനെയെങ്കിലും മുന്നിൽ വന്നു. മഴയിൽ ഒരു ചായ, വെയിലത്ത് ഒരു ചായ, യാത്രയ്ക്കിടയിൽ ഒരു ചായ, ഒറ്റയ്ക്ക് ഒരു ചായ, കൂട്ടുകാരോടൊപ്പം ഒരു ചായ, ആരെയെങ്കിലും കാത്തിരുന്നുകൊണ്ട് ഒരു ചായ, ഒരാളെ യാത്രയാക്കിയിട്ട് ഒരു ചായ.
ചില ചായകൾ നല്ലതായിരുന്നു. ചിലത് അത്ര നല്ലതായിരുന്നില്ല. ചിലത് കുടിച്ചിട്ട്, “ഇതാണോ ഇത്രയും പേരുകേട്ട ചായ?” എന്നും തോന്നിയിട്ടുണ്ട്.
പക്ഷേ കുടിച്ച ഓരോ ചായയും എന്തെങ്കിലും പറഞ്ഞിട്ടാണ് പോയത്.
അറുമുഖേട്ടന്റെ ചായ എന്നെ ഒരു ചെറിയ കാലത്തിലേക്ക് കൊണ്ടുപോയി. മുഹമ്മദ്ക്കന്റെ ചായ ചായയ്ക്കും ആത്മാവുണ്ടെന്ന് പഠിപ്പിച്ചു. യാത്രയിലെ ചായകൾ വഴികളെ പരിചയപ്പെടുത്തി. അറബി ചായ ദൂരെയുള്ള മനുഷ്യരെ അടുത്തിരുത്തി. കാശ്മീരിലെ ചായ മഞ്ഞിനിടയിൽ കുറച്ചുനേരം നിശ്ശബ്ദനാക്കി.
ചില ചായകൾ ഒന്നും പറഞ്ഞില്ല. അവയുടെ കൂടെയിരുന്ന ആളാണ് കഥ പറഞ്ഞത്.
അപ്പോഴാണ് മനസ്സിലായത്. ചായയ്ക്ക് കഥ പറയാൻ അറിയില്ല. ചായ വെറുതെ ആളുകളെ അടുത്തിരുത്തും. ബാക്കി അവർ തന്നെ പറഞ്ഞോളും.
പക്ഷേ എന്റെ ചായകൾ ഓരോന്നും എനിക്ക് എന്തെങ്കിലും തന്നിട്ടുണ്ട്. ഒരു മണം. ഒരു രുചി. ഒരു മനുഷ്യൻ. ഒരു സ്ഥലം. ഒരു കാലം. ചിലപ്പോൾ ഒന്നും പറയാതെ ഒരു വൈകുന്നേരം.
അതിനിടയിൽ എവിടെയോ ആ ആദ്യത്തെ ചായയും ഇപ്പോഴും ഇരിക്കുന്നുണ്ട്. അറുമുഖേട്ടന്റെ കടയിൽ. സ്കൂളിന്റെ തൊട്ടുമുന്നിൽ. ഉമ്മ വാങ്ങിത്തന്ന ആ ചെറിയ ഗ്ലാസിൽ.
ആ ചായയുടെ രുചി എനിക്ക് ഓർമ്മയില്ല. പക്ഷേ അതിന്റെ കൂടെയുണ്ടായിരുന്ന ആ ‘ഇത്’ ഓർമ്മയുണ്ട്.
അതെന്താണെന്ന് ചോദിച്ചാൽ ഇന്നും പറയാൻ പറ്റില്ല.
ചില സാധനങ്ങൾക്ക് പേര് കൊടുത്താൽ അതിന്റെ ഭംഗി പോകും. അതുകൊണ്ട് ഞാൻ അതിനെ അങ്ങനെ തന്നെ വിളിക്കും.
‘ഇത്’.
ഇത്രയും ചായ കുടിച്ചിട്ടും എനിക്ക് ഇന്നും ചായ കുടിക്കണം എന്ന് തോന്നുന്നത് അതുകൊണ്ടായിരിക്കണം.
ഉണരാൻ വേണ്ടിയല്ല.
തല തെളിയാൻ വേണ്ടിയുമല്ല.
വെറുതെ ഒരു ചായ.
അതിന്റെ കൂടെ എവിടെയോ നിന്ന് വരുന്ന ഒരു പഴയ ‘ഇത്’.
അത്ര തന്നെ!!

ഇന്റീരിയർ ആർക്കിടെക്ചർ & സ്റ്റൈലിങ് പ്രൊഫഷണലായ മുഹമ്മദ് ജൗഹർ മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയാണ്.
Illustration by Anupam Aysha

Leave a Reply