ഓണം നിറയുന്നു

സ്വാദിഷ്ടവും വർണ്ണശബളവുമാണ് കുട്ടിക്കാലത്തെ ഓണമോർമ്മകൾ.

അതിലാദ്യം തെളിയുന്ന മുഖം  ചോയിയേട്ടന്റേതാണ്. ഓണാവധിക്ക് സ്കൂളടക്കുന്നതിന് മുൻപേ ഞങ്ങൾ കുട്ടികളെ അദ്ദേഹം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും ‘മറക്കരുത്, ഓണമുണ്ണാൻ വീട്ടിൽ വരണം’ എന്ന്.

ഉപ്പയുടെ ഏറ്റവും അടുപ്പക്കാരിലൊരാളാണ്. ഞങ്ങൾക്ക് പിതൃതുല്യൻ തന്നെ. കാത്തിരുന്ന ഓണദിവസം ഞങ്ങൾ അവിടെ എത്തുന്നത് അദ്ദേഹവും കുടുംബവും കാത്തിരിക്കുന്നുണ്ടാകും.

മുറ്റത്തെ ഓണപ്പൂക്കളം തന്നെ ആദ്യത്തെ ആഹ്ലാദകരമായ അതിശയം. നിറങ്ങളുടെ സൗമ്യമായ ചേർപ്പുകൾ. ഇലകളരിഞ്ഞുചേർത്ത പച്ച. പേരറിയാവുന്നതും നിത്യേന ചുറ്റുവട്ടത്ത് കാണുന്നതുമായ പൂക്കൾ. ഒരപരിചിതത്വവുമില്ലെങ്കിലും ഓണക്കാലത്ത് അവ പലരൂപങ്ങളിൽ നിറക്കൂട്ടുകളിൽ കൗതുകകരമായ വിസ്മയം തീർത്തു. വരുന്നവഴിയിലെ വീടുകളിലെല്ലാം പൂക്കളം കണ്ടുകണ്ടാണ് ഞങ്ങളുടെ വരവ്. 

പുല്ലുപായയിൽ ചമ്രം പടിഞ്ഞ്, ഇലയിൽ ഓരോന്നായി വിളമ്പുന്ന കറികളുടെ പേരുകൾ പഠിച്ചതും ചോയിയേട്ടന്റെ വീട്ടിൽനിന്നാണ്. അവിയലും കൂട്ടുകറിയും കാളനും ഓലനുമെല്ലാം അങ്ങനെ പഠിച്ച പേരുകളാണ്. പുളിയുടെയും മധുരത്തിന്റെയും എരിവിന്റെയും കയറ്റിറക്കങ്ങൾ. കായ്കനികളുടെ വിവിധവലിപ്പത്തിലും നിറത്തിലുമുള്ള കൂടിച്ചേരലുകൾ.

ദാവണിയുടുത്തുനിൽക്കുന്ന സതിയെ കാണുന്നതും ഓണത്തിന്റെ ആഹ്ലാദകരമായ ഓർമ്മയാണ്. ചോയിയേട്ടന്റെ മകളാണ് സതി.

ഇലയിലൊഴിച്ച് പായസം കഴിക്കുക എന്ന കടമ്പ ഞാനിന്നും കടന്നിട്ടില്ല; അന്നൊക്കെ പലകുറി ശ്രമിച്ചെങ്കിലും. ഊണിനവസാനം പായസവും കഴിച്ചെഴുന്നേൽക്കുമ്പോൾ, ആഹ്ലാദത്തോടെ ചോയിയേട്ടൻ ചോദിക്കും, ‘നന്നായി കഴിച്ചില്ലേ? പായസം ഇഷ്ടപ്പെട്ടില്ലേ?’

കൃഷ്ണകിരീടപ്പൂക്കൾ അതിരിട്ട മുറ്റത്തേക്ക് തുറന്ന വരാന്തയിൽ ചാരുകസേരയിലിരുന്ന് വാത്സല്യാതിരേകത്താൽ അദ്ദേഹം പിന്നെയും പിന്നെയും ചോദിക്കും; പൊട്ടിച്ചിരിക്കും; ഒപ്പം ഞങ്ങളും.

 ഹൈസ്കൂളിലെത്തിയതോടെ ഓണം ജ്യോതിയുടെ വീട്ടിലായി. ഓണങ്ങളും അവളുടെ പിറന്നാളുകളും ഞങ്ങൾ അടുത്തകൂട്ടുകാരുടെ കൂട്ടംകൂടലായി. നാല് ആങ്ങളമാരുടെ ഇളയപെങ്ങളാണ് ജ്യോതി. അവരുംകൂടി ചേർന്നാണ് ഞങ്ങൾക്ക് ഭക്ഷണം വിളമ്പിത്തരുന്നത്. അന്നത് വേറിട്ടൊരുകാര്യം തന്നെയായിരുന്നു.

രുചികളിൽ എല്ലാ വിഭവങ്ങളും കേമരായിരുന്നു. ജ്യോതിയുടെ വീട്ടിൽനിന്ന് കഴിച്ച അത്രയും മാർദ്ദവമേറിയ ഇഡ്ലി പിന്നെ ഞാൻ കഴിച്ചിട്ടുണ്ടോ എന്ന് ഇന്നും സംശയമാണ്.

കഴുത്തിൽ മണികോർത്തുകെട്ടിയ കല്യാണിപ്പൂച്ച ജ്യോതിയുടെയും അച്ഛന്റെയും കാലരികിലോ മടിയിലോ എപ്പോഴും ഇരിപ്പിടം കണ്ടെത്തി.

മുകളിൽ, സുരേട്ടന്റെ മുറിയിലായിരുന്നു ഞങ്ങൾ വർത്തമാനം പറഞ്ഞിരിക്കുക. തൊടിയിലേക്കുതുറക്കുന്ന ജനാലകൾ പലവിധപ്പച്ചകളെ കാറ്റിനോടൊപ്പം കൊണ്ടുവന്നു.

സുരേട്ടന്റെ ഷെൽഫിൽ നിന്നും പലപ്പോഴും പുസ്തകങ്ങൾ വായിക്കാനെടുത്തുകൊണ്ടുപോയി. ജി കുമാരപിള്ളയുടെ അരളിപ്പൂചൂടിയ ആ പെൺകിടാവ് തന്റെ വിരലുകൾ നീട്ടിത്തന്നു. കവിതകളുടെ നിലാവ് പടർന്ന ഓണം. 

നീട്ടിയവിരലുകളിൽ കോർത്തതൊന്നും വീണുപോയില്ല; മങ്ങിയതുമില്ല.

അന്നത്തെ കൂട്ടുകൂടലുകൾ കാലമിത്രകഴിഞ്ഞും ആവർത്തിക്കുന്നു; കണ്ടൽവനങ്ങളെപ്പോൽ മണ്ണും തിരയും താങ്ങുന്നു. നാരുകൾ കോർത്തുകോർത്ത് തുന്നിയ തുന്നാരൻ കുരുവിക്കൂട്ടിൽ മിന്നാമിന്നിവിളക്കുകൾ പതിപ്പിക്കുന്നു.. ഓണം നിറയുന്നു. 


ദിൽഷാദ് ലില്ലിയുടെ രചന.

കാലിക്കറ്റ് സർവകലാശാലയിലെ വിമൻസ് സ്റ്റഡീസ് വിഭാഗത്തിൽ ഗവേഷകയാണ്.

മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിനി. നിലവിൽ കോഴിക്കോട് താമസിക്കുന്നു.


Illustration by Anupam Aysha



Comments

Leave a comment