ഹൃദയംനിറയെ കൊഴിയുന്ന മധുരപ്പുളി ഓര്‍മ്മകള്‍

ആർഷ കബനി

കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ഇടപഴകിയ മരങ്ങളിലൊന്ന് അച്ഛന്റെ തറവാട് വീടിന്റെ പിന്നാമ്പുറത്ത് പടര്‍ന്ന് പന്തലിച്ച് നിന്ന ആ പുളിമരമാണ്. നിറയെ ഇലകള്‍ പടര്‍ന്ന ആകാശംപോലെയായിരുന്നു അതിന്റെ ചുവട്ടില്‍ നിന്നുള്ള കാഴ്ച്ച. വലിയ കുട്ടകത്തിലൊക്കെ നിറച്ച് വെച്ചിരുന്ന വെള്ളത്തിലേക്ക് പുളിമരത്തില്‍ നിന്ന് ഇലകള്‍ കൊഴിഞ്ഞ് വീണുകൊണ്ടേയിരിക്കും. വേനല്‍ കാലത്തിന്റെ ഒട്ടനേകം ഒഴിവ് ദിവസങ്ങള്‍ ആ പുളിമരത്തിലെ ഊഞ്ഞാലില്‍ ഞങ്ങള്‍ കുട്ടികള്‍ ചിലവഴിച്ചു.

കച്ചിമേഞ്ഞ, കുമ്മായഭിത്തികളുള്ള വിശാലമായ മുറികളുള്ള വീടായിരുന്നു അച്ഛന്റെ തറവാട്. ഏത് വേനല്‍ നട്ടുച്ചയിലും വീടിനുള്ളില്‍ കുളിരണ തണുപ്പ് കെട്ടിനില്‍ക്കും. നീണ്ട് നില്‍ക്കുന്ന വലിയ നിശബ്ദതകളില്‍ ഹാളിലെ ക്ലോക്കില്‍നിന്ന് സമയത്തിന്റെ ശബ്ദം കേള്‍ക്കാം.

ഇടയ്ക്ക് വീട്ടില്‍ വിരുന്നെത്തുന്ന അച്ഛന്റെ പെങ്ങന്മാര്‍ പിന്നാമ്പുറ തിണ്ണയിലിരുന്ന് മീന്‍ വെട്ടുകയോ, ചക്കക്കുരു അരിയുകയോ, മുരിങ്ങയില ഒരുക്കുകയോ, പയറ് പൊളിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടാവാം. ഇടയ്ക്ക് അവര്‍ക്കൊപ്പം കൂടി ചക്കക്കുരുവിന്റെ കട്ടിയുള്ള പുറന്തൊലി ഞങ്ങള്‍ പൊളിച്ച് നല്‍കും, ഉപ്പിട്ട നാരങ്ങകള്‍ കഴിക്കും, അരിക്കൊപ്പം വറുത്തെടുത്ത മത്തന്‍വിത്തുകള്‍ കഴിക്കും…ഇത്തരം ഇടവേളകള്‍ക്കെല്ലാം ശേഷം വീണ്ടും പുളിമരത്തിലെ ഊഞ്ഞാലില്‍ ഇടം പിടിക്കും. ഊഴംവെച്ച് ഊഞ്ഞാലിന്റെ ഉടമസ്ഥത ഞങ്ങളില്‍ ആരെങ്കിലുമെല്ലാം കരസ്ഥമാക്കിക്കൊണ്ടേയിരുന്നു.

ഇടയ്ക്ക് പുളിയിലകള്‍ക്കൊപ്പം പൂക്കള്‍ കൊഴിയും, പതുക്കെ അവ ചെറിയ പുളിയായി രൂപപ്പെടും…എന്നാല്‍ ഈ കാലത്തൊന്നും ലഭിക്കാത്ത സ്നേഹം അവയ്ക്ക് മുട്ടിയാല്‍ തൊണ്ട് പൊളിയുന്ന പ്രായത്തില്‍ ലഭിക്കും. പഴുത്ത് തുടങ്ങുന്നതിന് തൊട്ട് മുന്‍പുള്ള സമയം. അനായാസം അടരുന്ന തൊണ്ടിനടിയില്‍ ഇളംപച്ച നിറമുള്ള പുളി. തൊലികളഞ്ഞ് മുഴുക്കെ ഇളംപച്ചനിറത്തിലുള്ള പുളി കഴിക്കുമ്പോള്‍ പൊടിപൊടിപോലെ പൊടിയുന്ന രീതിയിലാവും ഉണ്ടാവുക.

ഉണക്കമീന്‍ അരച്ചെടുത്ത പുളിയിലകള്‍ക്കൊപ്പം പരത്തി ചുട്ടെടുക്കുന്ന അടയുണ്ടാക്കാറുണ്ട് തറവാട്ടില്‍. എക്കാലവും ഞങ്ങള്‍ക്കത് കൊതിപിടിപ്പിക്കുന്ന നൊസ്റ്റാള്‍ജിയയാണ്. പഴുത്ത പുളികള്‍ തോട്ടികൊണ്ടെല്ലാം പറിച്ച് വളരെ ഉല്‍സാഹത്തോടെയാണ് ഞങ്ങള്‍ പെറുക്കി കൂട്ടുക. പനമ്പില്‍ വെയിലത്തിട്ട് ഉണക്കിയെടുത്ത പുളികള്‍ മരമുട്ടികൊണ്ട് ഇടിച്ച് കായ കളഞ്ഞ് കല്ലുപ്പ് ചേര്‍ത്ത് അല്‍പ്പം വലുപ്പമുള്ള ബോളുകളാക്കി വെക്കും. അച്ഛമ്മയൊക്കെ നീണ്ട മണിക്കൂറുകള്‍ ഇത്തരം പുളിനന്നാക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെടാറുള്ളത് കാണാം. പുളിയുടെ പന്തുകള്‍ വലിയ ചാക്കുകളില്‍ നിറച്ച്‌വെക്കും.

കറിയിലെ രസക്കൂട്ടിനപ്പുറം പുളി ഒരു സാമിപ്യമായിരുന്നു. ജീവിതത്തില്‍ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രെസന്‍സ്. അടിച്ചുവാരാന്‍ മിറ്റം നിറയെ വീണ് കിടക്കുന്ന ഇലകളായും, ഏറെ വ്യാസത്തില്‍ ഞങ്ങള്‍ക്ക് മേല്‍ വിടര്‍ന്ന്‌നിന്ന തണലായും. പനമ്പ് നിറയെ വെയിലില്‍ ഉണങ്ങന്‍ കിടക്കുന്ന പുളിക്കായകളായും, തൊണ്ടടര്‍ത്തി കുരുകളഞ്ഞെടുത്തതിന് ശേഷം പറമ്പിലും മുറ്റത്തുമെല്ലാം ചിതറിക്കിടക്കുന്ന തൊണ്ടായുമെല്ലാം ആ പുളിമരത്തിന്റെ സാമിപ്യം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

ഏറെ മഞ്ഞുള്ള കുളിരണ ഒരു രാത്രിയില്‍ പുളിമരത്തിന്റെ ചുവട്ടില്‍ ഒരരുകിലിരുന്ന് കസിന്‍ സിസ്റ്ററിനൊപ്പം മൂത്രമൊഴിച്ചുകൊണ്ടിരുന്നപ്പോള്‍ അങ്ങ് ദൂരെ ആകാശത്തിന്റെ ചെരുവിലൂടെ ഒരു വാല്‍നക്ഷത്രം പാഞ്ഞ് പോകുന്നത് കണ്ടത് ഇന്നും എന്റെ ഉള്ളിലെ മായാത്ത കാഴ്ച്ചയാണ്.

നാട്ടില്‍നിന്ന് നഗരത്തില്‍ പാര്‍ക്കാനെത്തിയപ്പോള്‍ അമ്മ ചെറിയ പുളിയുരുളകള്‍ തന്ന് വിടാറുണ്ട്. അവ ചേര്‍ത്ത് എന്റെ ഏറെ പ്രിയപ്പെട്ട മീന്‍ കറി ഉണ്ടാക്കുമ്പോള്‍ കുട്ടിക്കാലത്ത് മാത്രം അനുഭവിച്ചിരുന്ന ഏറെ നിഷ്‌കളങ്കമായൊരു ആനന്ദം ഞാന്‍ അനുഭവിക്കാറുണ്ട്.

പുളിയിലകളില്‍ കാറ്റ് തട്ടുമ്പോഴുള്ള, പുളിയിലകള്‍ കൊഴിഞ്ഞ് വീഴുമ്പോഴുള്ള, പുളിമരത്തിനോട് ചേര്‍ന്നിരിക്കുമ്പോഴുള്ള ഒരുതരം ഗന്ധം ഹൃദയത്തിന്റെ ഏതോ തട്ടിലുള്ളത് ഇപ്പോഴും കണ്ണടച്ചാല്‍ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയാറുണ്ട്. കറികളില്‍ രസംപടരുന്ന പുളിരുചി സമ്മാനിക്കുന്ന പുളി, അത് കായ്ച്ച് നിന്നിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പുളിമരം. അതിന്റെ കാക്കത്തൊള്ളാരിയം കൊമ്പുകളില്‍നിന്ന് എന്റെ ഹൃദയത്തിലേക്ക് മധുരപ്പുളി ഓര്‍മ്മകള്‍ കൊഴിച്ചിടുന്നു. കൊതിപ്പിക്കുന്ന മധുരമുള്ള പുളിയോര്‍മ്മകള്‍.


ആർഷ കബനി

കവി, പരസ്യരംഗത്ത് പ്രവർത്തിക്കുന്നു.


Illustration by Anupam Aysha.



Comments

Leave a Reply