സുൽത്താൻ കിഴിശ്ശേരി

” First impression is the best impression” എല്ലായ്‌പ്പോഴും വർക്ക് ആയിക്കൊള്ളണമെന്ന് ഒരു നിർബന്ധവുമില്ല! പലപ്പോഴും സെക്കന്റ് ചാൻസസ് ആയിരിക്കും നമ്മുടെ ലൈഫ് തന്നെ ഡിസൈഡ് ചെയ്യുക. ഈയൊരു ഫിലോസഫി എന്നെ പഠിപ്പിച്ചത് “പാനിപൂരി” ആണെന്ന് പറഞ്ഞാൽ അതിലൊരു കൗതുകമില്ലേ?
അതേ നിങ്ങളുദ്ദേശിച്ച അതേ പാനിപൂരി തന്നെ.
ദി ഗോൾഗപ്പ ഫ്രം ‘റബ് നെ ബനാ ദി ജോഡി.’
എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ പല കടന്നുവരവുകളും അത് വ്യക്തികളായാലും വസ്തുക്കളായാലും പാനീപുരിയെപ്പോലെ ഒരു സെക്കന്റ് ചാൻസ് എടുത്തുകൊണ്ടാണ് എന്നെനിക്ക് പിന്നീട് നിരീക്ഷിക്കാൻ സാധിച്ചിട്ടുമുണ്ട്.
നമുക്ക് പാനിപുരിയുടെ കഥയിലേക്ക് തിരിച്ചു വരാം.
വർഷങ്ങൾക്ക് മുമ്പ്, അതെന്റെ ആദ്യ ഹൈദരാബാദ് യാത്രയായിരുന്നു,
കൂടെ സുഹൃത്തുക്കൾ കുറച്ച് പേരുമുണ്ട്.
കൂട്ടത്തിൽ അസീം ഒഴികെ എല്ലാവരും ഫസ്റ്റ് ടൈം ആണ്. അത് കൊണ്ട് തന്നെ യാത്ര തുടങ്ങിയത് മുതൽ അസീമിന്റെ ഹൈദരാബാദ് തള്ളലുകൾക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. അതിൽ ചാർമിനാറിനെയും മക്കാമസ്ജിദിനെക്കാളുമൊക്കെ ഞങ്ങളെ ആകർഷിച്ചത് മറ്റൊന്നാണ്. അവിടെ കിട്ടുന്ന പാനിപുരി എന്ന് പേരുള്ള അതീവ രുചിയുള്ള സ്പെഷ്യൽ സ്നാക്കിന്റെ വർണ്ണനകൾ.
അത് പോലെ, നമ്മുടെ നാട്ടിലെ കുപ്പിയിലെ മിനറൽ വാട്ടർ പോലെ അവിടെ ഒരു രൂപയുടെ പാക്കറ്റ് മിനറൽ വാട്ടർ കിട്ടുമെന്ന കൗതുകവും! “മീട്ടാ പാനി” എന്നാണ് ആ വെള്ളത്തിനെ ഹൈദരാബാദികൾ വിളിക്കുന്നതെന്നുമൊക്കെയുള്ള കഥകൾ വേറെ.
ട്രെയിനിന്റെ ജനലിലൂടെ കണ്ടുകൊണ്ടിരുന്ന, അത്ര കാലം അപരിചിതമായിരുന്ന പല കൗതുകക്കാഴ്ചകൾക്കുമൊപ്പം പാനിപുരിയെന്ന അത്ഭുത സ്നാക്കിന്റെയും, കിണർവെള്ളം കുടിക്കാൻ പറ്റാത്ത നാട്ടിലെ, പേരിൽ ‘മധുരമുള്ള’, പാക്കറ്റിൽ കിട്ടുന്ന പച്ചവെള്ളത്തിന്റെയും സങ്കൽപ്പങ്ങളും പേറിയാണ് ഹൈദരാബാദിൽ കാല് കുത്തുന്നത്.
ഒട്ടും വൈകാതെ ഞങ്ങൾ നവാനുഭവങ്ങളുടെ വാരിയെടുക്കലിന് വേണ്ടി ആവേശത്തോടെ നഗരമധ്യത്തിലേക്കിറങ്ങുകയും ചെയ്തു. ഉപദേശ നിർദ്ദേശങ്ങളുമായി നേതൃസ്ഥാനത്ത് തന്നെ അസീമുണ്ട്.
വാപ്പ ഹിന്ദി മാഷ് ആയതിന്റെ തഴമ്പ് കൂടി അവൻ പൃഷ്ടത്തിൽ പേറുന്നത് കൊണ്ടും, അഞ്ചാം ക്ലാസ്സിൽ പഠിച്ച “ആവോ ആവോ ജൽദി ആവോ” ക്ക് അപ്പുറത്തേക്ക് എന്റെയൊന്നും ഹിന്ദി ഇത് വരെ പുരോഗമിക്കാത്തത് കൊണ്ടും അനുഗമിക്കുകയും അനുസരിക്കുകയുമല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു.
അങ്ങനെ ആദ്യമായി മീട്ടാ പാനി ട്രൈ ചെയ്യാനായി ഒരു കടയിൽ കയറി. പണപ്പെരുപ്പം ഒരു രൂപയിൽ നിന്ന് രണ്ട് രൂപയിലേക്ക് വിലയെ എത്തിച്ചിട്ടുണ്ടെങ്കിലും കൈവെള്ളയുടെ വലിപ്പത്തിൽ നമ്മുടെ നാട്ടിലെ സംഭാര പാക്കറ്റിലേത് പോലുള്ള പച്ചവെള്ളം എല്ലാവരിലും ചെറിയ കൗതുകമുണർത്തി.
ഇനി മോസ്റ്റ് എവൈറ്റഡ് ഐറ്റം പാനിപൂരിയുടെ ഊഴമാണ്.
അതിനായി ഗല്ലികളിലൂടെ നടന്ന് നടന്ന് അവസാനം ഒരു കൊച്ചു വണ്ടിക്കട ഞങ്ങൾ കണ്ടെത്തി. ചില്ലലമാര നിറയെ ഉരുണ്ട മഞ്ഞപ്പുരികൾ,ആഴമില്ലാത്ത വലിയ ചട്ടിയിൽ വേവിച്ചു കൊണ്ടിരിക്കുന്ന ഗ്രീൻപീസ്,പാതി മൂടി വെച്ച കുടത്തിൽ പച്ച നിറത്തിലുള്ള പാനിയും.
ഊഴം കാത്ത് വരിയായി നിന്ന ഞങ്ങളുടെ കൈകളിലേക്ക് ആദ്യമായി ഓരോരോ സ്പോഞ്ച് സോസറുകൾ കടക്കാരൻ ഭായി വെച്ച് തന്നു, ശേഷം അതിലേക്ക് അല്പം ചെറുതായരിഞ്ഞ സവാള ഇട്ടുതന്നു.
ഒന്നും മനസ്സിലാവാതെ ഉള്ളിക്കഷ്ണം പച്ചക്ക് വായിലേക്കിടാൻ ശ്രമിച്ച ഒരുത്തനെ തടഞ്ഞു കൊണ്ട് അസീം ഗൗരവത്തോടെ ഉണർത്തി!
“പാനിപൂരി വിളമ്പുന്നതിനും കഴിക്കുന്നതിനും അതിന്റേതായ സംസ്കാര രീതികളുണ്ട്, ആദ്യം ചില്ലലമാരയിൽ നിന്ന് പുരിയെടുത്തു തള്ളവിരൽ കൊണ്ട് അതിന്റെ മുകൾഭാഗം പൊട്ടിച്ച് ഉള്ളിൽ അല്പം ഗ്രീൻപീസ് നിറച്ച് അതിലേക്ക് ഫ്ലേവേർഡ് പച്ചപ്പാനിയും ഒഴിച്ച് ഓരോരുത്തരുടെ പ്ലേറ്റിലും ഭായി വെച്ച് തരും അപ്പോൾ അതിലേക്ക് ഒന്നോ രണ്ടോ ഉള്ളിക്കഷ്ണം കൂടെ ആഡ് ചെയ്ത് മൊത്തമായെടുത്തു വായ്ക്കകത്തേക്ക് വെച്ച് വേണം കഴിക്കാൻ.”
ഞങ്ങളെല്ലാം ഇൻസ്‌ട്രക്ഷൻസ് സാകൂതം ശ്രവിച്ച് മനപ്പാഠമാക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ ഭായി സെർവിങ് തുടങ്ങി, വളരെ വേഗത്തിൽ കയ്യടക്കത്തോടെ ഓരോ റൗണ്ടും അയാൾ കംപ്ലീറ്റ് ചെയ്യുന്നു. ടോട്ടൽ അഞ്ചെണ്ണം ഒരാൾക്ക് കിട്ടിക്കഴിയുമ്പോൾ സെർവിങ് സ്റ്റോപ്പ് ചെയ്യും, അതാണ് പത്തു രൂപയുടെ ഒരു പ്ലേറ്റ്.
അമിതപ്രതീക്ഷകളോടെ ആദ്യ പാനിപൂരി ഞാൻ വായിലേക്ക് വെച്ചതും പച്ചപ്പാനിയുടെ കുത്തുന്ന പുളിയുള്ള ഫ്ലേവർ എന്റെ മുഖത്തെയും കഴുത്തിലേയും സകല പേശികളെയും ഒരുമിച്ച് ചുളിച്ചു. മുഖമുയർത്തി നോക്കുമ്പോൾ അസീമിന്റേതൊഴികെ എല്ലാവരുടെയും മുഖത്ത് ഇതേ എക്സ്പ്രഷൻ.
അസീം മാത്രം എന്തേ ഇഷ്ടപ്പെട്ടില്ലേ എന്ന മട്ടിൽ കൂസലില്ലായ്മ അഭിനയിക്കാൻ ശ്രമിക്കുന്നു.
പക്ഷേ എക്സ്പ്രഷൻ ഇട്ട് നിൽക്കുമ്പോഴേക്ക് സോസറിൽ പൂരിയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. “വേഗം കഴിക്കണം!” അസീം ഉണർത്തി. ക്യാഷ് കൊടുക്കുന്നതായത് കൊണ്ടും പരിചയമില്ലാത്ത നാടായത് കൊണ്ടും മാത്രം എല്ലാവരും “മോനേ അസീമേ നിനക്കുള്ളത് പിന്നെ തരാമെടാ” എന്ന് മനസ്സിലാവർത്തിച്ചുകൊണ്ട് അഞ്ചെണ്ണവും പുളിച്ചിറക്കി.
കടയിൽ നിന്നിറങ്ങി അല്പം ദൂരെയെത്തും വരെ ഒരേ നിശബ്ദത. ഒരു വളവ് തിരിയും വരെ മാത്രം ആയുസ്സുള്ള ആ മൗനം പിന്നീട് പൊട്ടിത്തെറികളും പച്ചത്തെറികളും പരിഹാസച്ചിരികളുമായി റൂമിലെത്തും വരെ തകർത്തു പെയ്തു.
നിസ്സഹായനായ അസീം ‘എനിക്കിഷ്ടപ്പെട്ടു’വിന്റെ കുടചൂടാൻ ഒരുപാട് ശ്രമിച്ചെങ്കിലും കൂട്ട അക്രമണത്തിൽ അപ്പാടെ നനഞ്ഞു കുതിർന്നു. മാത്രമല്ല ‘ഇനി നിങ്ങൾക്ക് ജീവിതത്തിൽ ഒരു സജ്ജെസ്ഷനും ചെയ്യില്ല’ എന്ന കടുത്ത തീരുമാനമെടുത്തു പിണങ്ങിയിരിപ്പുമായി.
എന്നിട്ടും മടക്കയാത്രയിലും ശേഷം ഒരു വർഷത്തോളം പല ക്ലാസ്സ് ഇന്റർവെല്ലുകളിലും പാനിപുരിയുടെ പേരിൽ അസീം ആൾക്കൂട്ട അക്രമണത്തിന് ഇരയായിക്കൊണ്ടേയിരുന്നു.
അതില്പിന്നെ ഹൈദരാബാദ് യാത്ര ഞങ്ങളുടെ വാർഷിക ചര്യയുടെ ഭാഗമാവുകയുണ്ടായി.
പിറ്റേ വർഷം പഴയ ഗല്ലിയിലൂടെയുള്ള നടത്തത്തിനിടയിൽ യാദൃശ്ചികമായി നൊസ്റ്റാൾജിക്ക് പാനിപൂരിക്കട കണ്ടപ്പോൾ എനിക്ക് വെറുതെയൊരു ഉൾവിളി, ഒന്നൂടെ ട്രൈ ചെയ്താലോ എന്ന്. സജ്ജെസ്ഷന് സ്പോട്ടിൽ കൂട്ട റിജെക്ഷൻ കിട്ടിയെന്ന് മാത്രമല്ല കൂട്ടത്തിൽപ്പോലുമില്ലാത്ത അസീമിന് രണ്ട് ‘തെറി’ക്ഷൻ എക്സ്ട്രാ കിട്ടി.
പക്ഷേ എന്തോ ഒരു തോന്നലിന്റെ ബലത്തിൽ ഞാൻ ഒന്നൂടെ ട്രൈ ചെയ്യാൻ തീരുമാനിച്ചു.
മുഖം ചുളിക്കാൻ തയ്യാറായിക്കൊണ്ട് തന്നെ ആദ്യത്തെ പൂരി വായിലേക്ക് വെച്ച് ചവച്ചു.
ഹേയ്!!!
പ്രതീക്ഷിച്ച പുളി ഫീൽ ചെയ്യുന്നില്ലെന്ന് മാത്രമല്ല കൊള്ളാവുന്ന ഒരു ടേസ്റ്റുമുണ്ട്.
എണ്ണം രണ്ടായി..മൂന്നായി..നാലായി..രുചി കൂടിക്കൂടി വരുന്നു, ഒരു പ്ലേറ്റ് കഴിഞ്ഞ് സെർവിങ് നിർത്തിയപ്പോൾ അറിയാതെ അടുത്തതിന് ഓർഡർ കൊടുത്തു , അത് കഴിഞ്ഞപ്പോൾ അടുത്തതിന്!
ഒറ്റയടിക്ക് മൂന്ന് പ്ലേറ്റ് കാലി!
ഇനിയും പറയണമെന്ന് തോന്നുന്നുണ്ട് പക്ഷേ തൽക്കാലം നിർത്തി.
ഇതെന്ത് മറിമായം!?
ഞാൻ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടു!
രുചിയിൽ മാറ്റമൊന്നുമില്ല പക്ഷേ ആദ്യ ബൈറ്റിൽ അങ്ങേയറ്റം വെറുത്ത ഒരു ഭക്ഷണം രണ്ടാം മീറ്റിൽ അഡിക്ട് ആക്കിക്കളയുക എന്നൊക്കെ വെച്ചാൽ!?
അതിലും വലിയ പ്രയാസം ഇക്കാര്യം എങ്ങനെ ഇവന്മാരെ പറഞ്ഞ് മനസ്സിലാക്കും എന്നതായിരുന്നു. ഞാൻ എങ്ങനെ പറഞ്ഞിട്ടും ഒരുത്തനും അംഗീകരിക്കുന്നുമില്ല ഒന്ന് കഴിച്ചുനോക്കാൻ തയ്യാറുമില്ല.
എങ്കിലും ഹൈദരാബാദിലുള്ള ഓരോ വൈകുന്നേരങ്ങളിലും ഞാൻ മാത്രം മുടങ്ങാതെ ആ കട സന്ദർശിച്ചുകൊണ്ടേയിരുന്നു.
ഒന്നും രണ്ടും മൂന്നുമെന്നില്ലാതെ എണ്ണമില്ലാത്ത സ്പോഞ്ച് പ്ലേറ്റുകൾ എന്റെ കൈമറിഞ്ഞു പൊയ്ക്കൊണ്ടുമിരുന്നു. ഇന്നും യാത്രയിലെവിടെക്കണ്ടാലും രണ്ടാം കാഴ്ച്ചയിൽ എന്റെ നെഞ്ചിൽ കുടിയിരുന്ന പാനിപൂരിയെ ഞാൻ മിസ്സ് ചെയ്യാറില്ല.
പറഞ്ഞ പരിഹാസങ്ങൾക്ക് പ്രിയ സുഹൃത്തിനോട് മാപ്പ് ചോദിച്ചുകൊണ്ട് വഴിയോരങ്ങളിൽ എന്റെ കണ്ണുകൾ തേടുന്നത് ഒരു കൊച്ചു വണ്ടിയിലെ ചില്ലലമാരയിൽ നിറഞ്ഞു നിൽക്കുന്ന ആ ഉരുണ്ട കുമിളകളാണ്.

എഴുത്തുകാരൻ: സുൽത്താൻ കിഴിശ്ശേരി
എറണാകുളത്തെ ടെക്നിക്കൽ ഗ്ലാസിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുന്നു.
മലപ്പുറം കിഴിശ്ശേരി സ്വദേശി.
Illustration is done by Anupam Aysha.

Leave a comment